നാളെ എന്റെ ആത്മഹത്യയാണ് !
കൊറോണ കാലമായതിനാൽ ആരെയും ക്ഷണിക്കുന്നില്ല. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു മനുഷ്യനെയും ഒരു നായ്കുട്ടിയേയും മാത്രേ വിളിച്ചിട്ടുള്ളു.
നായ്കുഞ്ഞിന് വയറ് നിറയെ ഭക്ഷണം കൊടുത്തിട്ട് കയറും കൊണ്ട് ഞാൻ അകത്തേക്ക് കയറുമ്പോൾ മോഹൻ എന്നെ അവിടെ കാത്തു നിൽപ്പുണ്ടാവും. കയ്യിലൊരു കുപ്പി ജിന്നും ചുണ്ടിൽ തരാനൊരു ഉമ്മയും അയാൾ കരുതിയിട്ടുണ്ടാവണേ എന്ന് ഞാൻ ആഗ്രഹിച്ചു പോവും.
എന്റെ പ്രേമം നിരസിച്ച ഒരേയൊരു പുരുഷൻ അയാൾ മാത്രമായിരുന്നു. അതുകൊണ്ടാണ് ഈ ദിവസം എന്റെ കൂടെ അയാൾ തന്നെ വേണമെന്ന് ഞാൻ ശാഠ്യം പിടിച്ചത്.
പ്രണയിച്ചും കാമിച്ചും തീർത്ത മനുഷ്യരെയൊക്കെ വളരെ മുമ്പേ മടുത്തിരിക്കുന്നു !
മോഹനോട് അടുത്തിടപഴകാനോ കെട്ടിപ്പിടിക്കാനോ എനിക്ക് ആഗ്രഹമില്ല. ഊമയായ ആ മനുഷ്യനോട് ഒരിറ്റ് സഹതാപവും എനിക്ക് തോന്നിയിട്ടില്ല. അതിന്റെ കാര്യമില്ലല്ലോ. ഇത്ര ഉച്ചത്തിൽ അലമുറയിടാൻ കഴിവുണ്ടായിട്ടും എനിക്ക് പറയാൻ കഴിയാത്ത എത്രയോ കാര്യങ്ങൾ അയാൾ ഒരു നോട്ടത്തിലൂടെ പറഞ്ഞിട്ടുണ്ട്.
അങ്ങനെയുള്ള അയാളോട് എനിക്ക് ബഹുമാനമാണ് ! അടുപ്പമില്ലാത്ത ബഹുമാനം !
എന്റെ മരണത്തിന്റെ തലേ രാത്രിയിൽ അയാൾ നഗ്നനായി മാറിയാലും ഞാനെന്റെ വസ്ത്രത്തിന്റെ ഒരറ്റം പോലുമൊന്ന് അനക്കുകയില്ല. എനിക്ക് കാമിക്കേണ്ടതില്ല. അതിന്റെ സുഖം ഞാൻ വേണ്ടുവോളം അറിഞ്ഞു കഴിഞ്ഞു. ഈയൊരു രാത്രി അതിനുള്ളതല്ല. ഒരു കഷ്ണം ചുംബനത്തിൽ എന്തൊക്കെ പറഞ്ഞു തീർക്കാൻ കഴിയുമോ അതിനുള്ളതാണ്.
അതിന് മാത്രം !
മോഹൻ…നാളെ എന്റെ ആത്മഹത്യയാണ്.. മൂന്ന് വട്ടം ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട നിങ്ങളെ ഞാൻ അസൂയപ്പെടുത്തുന്ന ദിവസം.
ജീവൻ പോയാൽ നിലത്തു പിടിച്ചു കിടത്താൻ പോലും നിങ്ങളെന്റെ ദേഹത്ത് തൊടരുത്. പകരമൊരു ഉപകാരം മാത്രം ചെയ്യുക. എന്റെ നായ്കുട്ടിയെ ഒന്നെടുത്തുയർത്തുക. എന്റെ കാലിൽ അത് വേണ്ടുവോളം നക്കി തുടയ്ക്കട്ടെ, മുഖമുരുമ്മട്ടെ.
പോലീസും ജനങ്ങളും കൂടിയാൽ പിന്നെ എല്ലാവരും അതിനെ ആട്ടിപായിക്കും. അതുകൊണ്ടാണ്. അതുകൊണ്ട് മാത്രം.
വര : @aarachar_
