പാർത്ഥനെയും കൊണ്ട് ഒരിക്കൽ കൽക്കത്തയ്ക്ക് പോകണം. ഇട്ടിരിക്കുന്ന വേഷമല്ലാതെ മറ്റൊന്നും കൊണ്ടുപോകരുത്. അയാളോട് ചേർന്നിരുന്ന് മാധവിക്കുട്ടിയുടെ കഥകൾ വായിക്കണം. അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയാണ് . അവർ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ എനിക്ക് പോലും അന്യനായ മറ്റൊരു പാർത്ഥനെ ആ സ്ത്രീക്ക് കിട്ടുമായിരുന്നു. പക്ഷേ എന്ത് ചെയ്യാം ! ആയമ്മയ്ക്ക് ഭാഗ്യമില്ലാതെ പോയി.
അയാളുടെ രതി ഭാവനകൾ അത്രയേറെ മനോഹരമാണ്. ആൽമരത്തിന്റെ കൊമ്പിലിരുന്ന് പൊക്കിളിൽ ഉമ്മ വെയ്ക്കുന്നതും ഏതെങ്കിലുമൊരു ശവപ്പറമ്പിൽ രണ്ട് കല്ലറകളിൽ മാറിയിരുന്ന് കത്തെഴുതുന്നതും അയാൾക്കൊരു ഹരമായിരുന്നു.
അത്തരമൊരു ഭ്രാന്ത് തന്നെയായിരുന്നു ഹൂഗ്ലിയും !
ഹൂഗ്ലി നദിയിൽ ഒരു വള്ളത്തിൽ കിടന്നുകൊണ്ട് സെക്സ് ചെയ്യണം എന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ സത്യത്തിൽ ഞാൻ ഭയന്നുപോയി. എങ്കിലും അയാളെ നിരാശപ്പെടുത്താൻ കഴിയില്ലല്ലോ.
ഉടനെ അവിടേക്ക് പോകണം. ആ നഗരവും നദിയും ഞങ്ങളെ കാത്തിരിക്കുന്നുണ്ട്.
അവിടങ്ങളിൽ അലഞ്ഞുതിരിയണം. ഒരു വഞ്ചി വാടകയ്ക്കെടുക്കണം. അയാളുടെ നെഞ്ചിൽ കിടക്കണം. എന്റെ ദേഹം അയാളെടുത്ത് ഉടുക്കണം. ആ പ്രദേശം ഞങ്ങളിൽ ലയിച്ചു നിൽക്കുമ്പോൾ അയാളെ ഗുലാം അലിയെ പറ്റി ഓർമ്മിപ്പിക്കണം. ഇപ്പൊ പാടാൻ വയ്യ പിന്നീടാവട്ടെ എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറണം. എങ്കിലല്ലേ എനിക്ക് അയാളുടെ ചെവിയിൽ കടിക്കാൻ പറ്റൂ.
എന്റെ കിറുക്കൻ കാമുകാ, നിന്റെ ഭ്രാന്തുകളിൽ എന്നെ ഏറ്റവുമധികം മോഹിപ്പിക്കുന്ന ഭ്രാന്ത് നീ തന്നെയാണ്.
കുറച്ചു നാൾ കൂടി നീയൊന്ന് ക്ഷമിക്കൂ. ലോകമെങ്ങും മനുഷ്യർ ചത്തൊടുങ്ങുകയാണ്. ഈ ദുരിതം ഒന്ന് അവസാനിക്കട്ടെ. നമുക്ക് കൽക്കത്തയ്ക്ക് പോകാം. നമ്മൾ ചെന്നില്ലെങ്കിൽ ആ നഗരം അപൂർണ്ണമല്ലേ !
