ചാരു

ചാരു ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടവളാണ്. ഞങ്ങൾ തമ്മിൽ പ്രണയത്തിലൊന്നുമല്ലായിരുന്നു. ഒരു നല്ല ബന്ധം, അത്രമാത്രം. പക്ഷേ അന്നത്തെ എന്റെ കാമുകനെക്കാളേറെ ഞാൻ അവളെ സ്നേഹിച്ചിരുന്നോ എന്ന് ഇടയ്ക്കൊക്കെ എനിക്ക് തോന്നുമായിരുന്നു.

അവളുടെ ആ ഉരുണ്ട ശരീരവും മേലാകെയുള്ള  വിയർപ്പിന്റെ ഗന്ധവും തല നിറയെ പുറ്റ് പിടിച്ച താരനും , അങ്ങനെ ഏതാണ്ടൊക്കെയോ എന്നെ ആകർഷിച്ചിരുന്നു. ചില ദിവസങ്ങളിൽ മടുപ്പ് കാർന്നു തിന്നുമ്പോൾ ഞാൻ അവളെ കാണാൻ ചെല്ലും. മണിക്കൂറുകളോളം അവളോട് ചേർന്നിരിക്കും. പതിഞ്ഞ സ്വരത്തിൽ എന്റെ കൈകൾ അമർത്തികൊണ്ട് അവൾ ലതാജിയുടെ പാട്ടുകൾ പാടും.

ആഹാ ! അതൊക്കെ എന്തൊരു ഭാരം കുറഞ്ഞ നിമിഷങ്ങളാണെന്നോ !

തണുത്ത് വിറച്ചു കിടക്കുന്ന മാർബിൾ തറയിൽ കിടന്ന് ഞങ്ങൾ ആകാശത്തിന് കീഴിൽ ഉള്ളതെല്ലാം സംസാരിക്കും. ചിലപ്പോൾ തുണിയുടുത്തും മറ്റു ചിലപ്പോൾ അല്ലാതെയും.

അല്ലെങ്കിലും ഞങ്ങൾക്കിടയിൽ മറകൾ എന്തിനാണ്!

അവളുടെ പൊക്കിളിലേക്കുള്ള എന്റെ എത്രയോ ചുംബനങ്ങളാണ് വഴിമാറി ചുണ്ടിൽ ചെന്നടിഞ്ഞിട്ടുള്ളത്. അപ്പോഴൊക്കെ വളരെ മനോഹരമായ ഒരു നൂറ് ചുംബനങ്ങൾ തിരികെ തന്നിട്ടാണ് അവൾ എന്നോട് പകരം വീട്ടിയത്.

പ്രേമിക്കുന്നവരുടെ വേഷംകെട്ടലുകൾ ഞങ്ങൾക്ക് അന്യമായിരുന്നു. ശരീരം കൊണ്ട് മാത്രം ചിന്തിക്കുമ്പോൾ ഞങ്ങൾ ചെന്നു കേറുന്ന മുറികളിലൊക്കെയും സ്വാതന്ത്ര്യം അലമുറയിട്ടിരുന്നതായി എനിക്ക് തോന്നി.

ആ കാലപഴക്കമുള്ള സ്വാതന്ത്ര്യം വെച്ചു നീട്ടുന്ന നഗ്നതയുടെ ഉന്മാദമൊന്നും ഒരു മുഴച്ച അവയവത്തിലും നമ്മൾ കൊണ്ടുനടക്കുന്നില്ല. അവൾ വലിച്ചെറിഞ്ഞ ആ സിഗരറ്റും ഗസറ്റിൽ കൊടുത്ത് മാറ്റിയ അഭിസാരിക എന്ന പേരും. രണ്ടും എന്റെ ചുണ്ടിൽ കത്തിയമരുന്നത് ഞാൻ കണ്ടു.

എന്റെ വങ്കത്തരങ്ങൾ വായിക്കാൻ ചങ്കൂറ്റമുള്ള മനുഷ്യരോട് ഞാൻ ഉറക്കെ പറയുന്നു, ഈ യാത്രയിൽ എവിടെയെങ്കിലും വെച്ച് നിങ്ങൾ ചാരുവിനെ കണ്ടുമുട്ടും. ഒരുപക്ഷേ നിങ്ങളുടെ കാമുകിയിലോ ഭാര്യയിലോ പരിചയക്കാരിയിലോ. രാത്രി രണ്ടു മണി നേരത്ത് നിങ്ങളെ വിളിച്ചുണർത്തി തെരുവിലൂടെ നടക്കാം എന്നവൾ ശാഠ്യംപിടിക്കും. ഉറക്കച്ചടവിൽ ഫർലോങ്ങുകൾ നടന്ന ശേഷം നിങ്ങളോട് അവൾ ഒരു ചുംബനം ആവശ്യപ്പെടും. ആ ചുംബനത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഉന്മാദം നിങ്ങൾക്ക് അനുഭവപ്പെടും.

അപ്പോൾ, അപ്പോൾ മാത്രം നിങ്ങൾ എന്നെ ഓർക്കുക. എന്റെ ചാരുവിനെയും.

Art : Nandini R Nair

Leave a comment