ഞാൻ

ആർത്തവ ദിവസങ്ങളിൽ ഒരു കഷ്ണം തുണി പോലും വെച്ചു കെട്ടാതെ ഏതെങ്കിലുമൊരു മലയിടുക്കിൽ ചെന്നു കിടക്കണം. അവിടങ്ങളിൽ മുഴുവൻ എന്റെ ചോരക്കറ പുരട്ടണം. പഞ്ഞിക്കായ പൊട്ടിചിതറിയ പോലെ എനിക്ക് ചുറ്റും വെളുത്ത നിറമുള്ള പൂക്കൾ പറന്നു നടക്കുന്നുണ്ടാകണം. അവിടങ്ങളിൽ മണിക്കൂറുകളോളം എനിക്ക് കിടന്നുറങ്ങണം.

എന്റെ ദേഹം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഇടയ്ക്കൊക്കെ അതിനെ നഗ്നമായി സ്നേഹിക്കേണ്ടതുണ്ട്. കേവലം തൂക്കിയിട്ടിരിക്കുന്ന മുലകളുടെ ഭാരം മാത്രം നിലനിർത്തി കാവലിരിക്കേണ്ടതുണ്ട്. എന്തെന്നാൽ ഞാൻ അതീവ സുന്ദരിയാണ്. എന്റെ ഇരുണ്ടനിറം എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്.

മണ്ണിലൂടെ ചെരുപ്പില്ലാതെ നടന്ന ഒരു നട്ടുച്ചയ്ക്കാണ് ഞാൻ എന്നോട് ആദ്യമായി പ്രണയാഭ്യർത്ഥന നടത്തുന്നത്. എനിക്ക് വളരെ അടുത്തറിയാവുന്ന ആളാണ് ഞാനെങ്കിലും എന്തുത്തരം പറയണമെന്ന് വല്ലാതെ ശങ്കിച്ചു. ഒരു രാത്രി മുഴുവനുമിരുന്ന് ആലോചിച്ചു. എന്നിട്ട് കുറച്ചു കാലം പ്രേമിച്ചു നോക്കാം എന്ന് അങ്ങേയറ്റം ധൈര്യത്തോടെ തീരുമാനിച്ചു. അങ്ങനെയാണ് ഞാൻ എന്നെ പ്രേമിച്ചു തുടങ്ങിയത്.

അതായിരുന്നു ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം. എന്റെ ജീവിതത്തിലേക്ക് ഞാൻ കടന്നു വന്നപ്പോഴാണ് പ്രേമം പോലും ഇത്ര മനോഹരമാണെന്ന തിരിച്ചറിവുണ്ടാകുന്നത്.

അതെ ! എനിക്ക് എന്നോട് അടങ്ങാത്ത പ്രണയമാണ്.

എനിക്ക് ഞാൻ കൂട്ടിരിക്കുന്നു.
എനിക്ക് ഞാൻ കാവലിരിക്കുന്നു.
എനിക്ക് ഞാൻ കഥകൾ പറഞ്ഞു കൊടുക്കുന്നു.

ഇത് വായിക്കേണ്ടി വരുമ്പോഴുള്ള എന്റെ ഏറ്റവും പുതിയ കാമുകിയുടെ ദയനീയ അവസ്ഥ ഓർക്കുമ്പോൾ എനിക്ക് സഹതാപമുണ്ട്.

വേദനിക്കേണ്ടതില്ല പ്രമീളാ.. എനിക്ക് ശേഷമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ഉന്മാദം നീ തന്നെയാണ്.

Pic : Leafy Yeh

Leave a comment